പി.ആര്‍. ഹരികുമാറിന്റെ കവിതകള്‍

Visit www.prharikumar.net/

Tuesday, September 12, 2006

സുഹൃത്തിനോട്‌

കവിത പൂക്കുന്ന നാട്ടിലെങ്ങാനും
ചെന്നു കഴിവതെത്രയ്ക്കു
ഭാഗ്യം, സുഹൃത്തേ?
നിലവിളികള്‍ നീറിനില്‍ക്കുന്നൊരീ
പെരുവഴികളെ പേടി-
ച്ചൊഴിഞ്ഞെത്ര നാള്‍
വകതിരിവുകള്‍, പൊരുളറിവുകള്‍
കണ്ടെടുക്കുന്നു ഞാന്‍ ?
വയറു കീറിപ്പകുത്തെടുക്കാന്‍ ജനം
കൊതിനിറഞ്ഞാര്‍ത്തടുക്കുമ്പോള്‍
വഴി മറവിയായി മാറുമ്പോള്‍
മൌനം പകച്ചേ നില്‍ക്കുമ്പോള്‍
വരകള്‍, വര്‍ണ്ണങ്ങള്‍
വാക്കിന്‍റെ വക്കുകള്‍
വരുതികെട്ടൊരാ വലിയ ബിംബങ്ങളെല്ലാം
ജനപഥങ്ങളില്‍ ഓര്‍മകെട്ടിടറിവീഴവെ,
ഇരുള്‍ പടരുമൊരു ഭൂപടത്തിന്‍റെ
വലിയപാത്രത്തില്‍
ബാലപാചകം വിനോദിക്കും
കരാളമൂര്‍ത്തി തന്‍ കങ്കാളകേളിയില്‍
കാകോളവേഗക്കടലില്‍
ഒരു വിസ്മൃതിപ്പിറവി
വന്നഭയമാകുന്നു.
ഒരു ശ്യാമമൃതിയുഗം
വന്നുദയമാകുന്നു.
കവിത പൂക്കുന്ന നാട്ടിലെങ്ങാനും
ചെന്നു കഴിവതെത്രയ്ക്കു
ഭാഗ്യം, സുഹൃത്തേ?
()

2 Comments:

At 11:52 AM, Blogger പെരിങ്ങോടന്‍ said...

നന്നായിരിക്കുന്നു മാഷേ.

 
At 6:31 PM, Blogger ബാബു said...

ഹരികുമാറിന്റെ ഇത്രനല്ല കവിതകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നെന്നു തോന്നുന്നു. പിന്മൊഴിയില്‍ കമന്റുകള്‍ വരുന്നില്ലെ? എന്താണു ചെയ്യണ്ടതെന്ന് ഇവിടെ പറയുന്നുണ്ട്‌:

http://howtostartamalayalamblog.blogspot.com/

 

Post a Comment

<< Home