പി.ആര്‍. ഹരികുമാറിന്റെ കവിതകള്‍

Visit www.prharikumar.net/

Saturday, November 11, 2006

കാഴ്ച

രാത്രിയുടെ ചലമിറ്റുന്ന
മുറിവായി ചന്ദ്രന്‍
മനമിടിച്ചു നിന്നു.
ചൊറിച്ചിലിന്‍റെ അസഹ്യതയില്‍
നക്ഷത്രങ്ങള്‍കണ്ണിറുക്കിയടച്ചു.
പെട്ടെന്ന്‌-
അസ്വസ്ഥതയുടെ സുഖാകാരം
മറച്ചുകൊണ്ട്‌-
നെടുംഭീതിയുടെ പെരുംകുപ്പായം
എനിക്ക്‌ മീതെ വന്നുവീണു.
ഇനി ഞാനെന്തു ചെയ്യും?
നാളെയുടെ നെന്‍മണികള്‍
പെറുക്കിയെടുക്കാനിനിയാര്‌?
എന്‍റെ ചോദ്യം-
ഒരു മറുചോദ്യത്തിന്‍റെ
കനച്ചമുഖത്തോടെ
എന്നെ വിട്ട്‌ പടിയിറങ്ങിപ്പോയി.
ഭാര്യ..കുട്ടികള്‍..മിത്രങ്ങള്‍..
ആരുണ്ടാവും?
എന്‍റെ നോട്ടം-
ഒരു മറുനോട്ടത്തിന്‍റെ
മുറിയുന്ന മൂര്‍ച്ചയോടെ
എന്നെ വിട്ട്‌ പടിയിറങ്ങിപ്പോയി.
ഞാനോ-
കാഴ്ചയില്ലായ്മയുടെ നിശ്ശൂന്യതയില്‍
ഭൂമി പിളരുന്നതും കാത്ത്‌-
പിന്നെയും-
ഭൂമിയുടെ കരയില്‍..
അന്യമായി, അനാഥമായി....
()
--------------------------
free web counter

Friday, September 15, 2006

കവിതയുടെ പാകം

ഒരിക്കലും
അഴിഞ്ഞുപോകാത്തവിധം
വാക്കുകളെ ബന്ധിക്കുവാന്‍
എന്തു ചെയ്യണം?
ആദ്യമായി
സ്വപ്നത്തിന്‍റെ പട്ടുനൂല്‍കൊണ്ട്‌
വാക്കുകളെ കൂട്ടിക്കെട്ടുക.
പിന്നെ-
വര്‍ത്തമാനത്തിന്‍റെ
കയ്പ്പുനീര്‍പ്പുഴയില്‍
അതിനെ കുളിപ്പിച്ചെടുക്കുക.
പിന്നെ-
ദര്‍ശനത്തിന്‍റെ വെളിച്ചം
കയറുന്ന മുറികളിലൊന്നില്‍
അതിനെ സൂക്ഷിച്ചുവയ്ക്കുക.
പിന്നെ-
ഏകാന്തതയുടെ
ഇടവേളകളിലൊന്നില്‍
ചൂടുള്ള കണ്ണീരുപ്പ്‌ തളിച്ച്‌
അതിനെ പുറത്തെടുക്കുക.

അപ്പോള്‍ കാണാം-
നക്ഷത്രം ചിരിക്കുന്ന
വാക്കിന്‍റെ നെറുകയില്‍
കാലത്തിന്‍റെ തിരനോട്ടം... !
ലോകത്തിന്‍റെ വഴിവെട്ടം... !!
()

Wednesday, September 13, 2006

ഒന്നില്‍ പലത്‌

പ്രിയരേ,
എന്നെത്തൊടരുത്‌,
തൊട്ടാല്‍പ്പകയ്ക്കുമൊരു
രണ്ടാമനുണ്ടെന്‍റെയുള്ളില്‍.
എന്നെ കേള്‍ക്കരുത്‌,
കേട്ടാല്‍പ്പഴിക്കുമൊരു
മൂന്നാമനുണ്ടെന്‍റെ യുള്ളില്‍.
എന്നെ മണക്കരുത്‌,
മണത്താല്‍ മയങ്ങുമൊരു
നാലാമനുണ്ടെന്‍റെയുള്ളില്‍
എന്നെ രുചിക്കരുത്‌,
രുചിക്കെ ചവര്‍പ്പാകു-
മൊരഞ്ചാമനുണ്ടെന്‍റെയുള്ളില്‍.
എന്നെ കൂട്ടരുത്‌,
കൂട്ടിയാല്‍ കൂട്ടം മുറിക്കു-
മൊരാറാമനുണ്ടെന്‍റെയുള്ളില്‍.

പ്രിയരേ, നിങ്ങള്‍ക്കിതിലാരെ വേണം?
അഞ്ചാളെയുമൊപ്പമൂട്ടാ-
നൂറ്റം ബാക്കിയെങ്കില്‍
കൊണ്ടുപോവിന്‍,
അവരെ കൊണ്ടുപോവിന്‍... !
ഒന്ന്‌ മാത്രം,
ഒന്നാമനാമെന്നെ-
വിട്ടുപോവിന്‍.. !
ചുമ്മാ വിട്ടുപോവിന്‍... !
()

Tuesday, September 12, 2006

സുഹൃത്തിനോട്‌

കവിത പൂക്കുന്ന നാട്ടിലെങ്ങാനും
ചെന്നു കഴിവതെത്രയ്ക്കു
ഭാഗ്യം, സുഹൃത്തേ?
നിലവിളികള്‍ നീറിനില്‍ക്കുന്നൊരീ
പെരുവഴികളെ പേടി-
ച്ചൊഴിഞ്ഞെത്ര നാള്‍
വകതിരിവുകള്‍, പൊരുളറിവുകള്‍
കണ്ടെടുക്കുന്നു ഞാന്‍ ?
വയറു കീറിപ്പകുത്തെടുക്കാന്‍ ജനം
കൊതിനിറഞ്ഞാര്‍ത്തടുക്കുമ്പോള്‍
വഴി മറവിയായി മാറുമ്പോള്‍
മൌനം പകച്ചേ നില്‍ക്കുമ്പോള്‍
വരകള്‍, വര്‍ണ്ണങ്ങള്‍
വാക്കിന്‍റെ വക്കുകള്‍
വരുതികെട്ടൊരാ വലിയ ബിംബങ്ങളെല്ലാം
ജനപഥങ്ങളില്‍ ഓര്‍മകെട്ടിടറിവീഴവെ,
ഇരുള്‍ പടരുമൊരു ഭൂപടത്തിന്‍റെ
വലിയപാത്രത്തില്‍
ബാലപാചകം വിനോദിക്കും
കരാളമൂര്‍ത്തി തന്‍ കങ്കാളകേളിയില്‍
കാകോളവേഗക്കടലില്‍
ഒരു വിസ്മൃതിപ്പിറവി
വന്നഭയമാകുന്നു.
ഒരു ശ്യാമമൃതിയുഗം
വന്നുദയമാകുന്നു.
കവിത പൂക്കുന്ന നാട്ടിലെങ്ങാനും
ചെന്നു കഴിവതെത്രയ്ക്കു
ഭാഗ്യം, സുഹൃത്തേ?
()